തിരുവനന്തപുരം: ഫാസിസ്റ്റ് വർഗീയശക്തികളും നിർമിത ബുദ്ധി കോർപ്പറേറ്റുകളും ഇന്ത്യയുടെ സമസ്ത മേഖലകളിലും വൻ അധിനിവേശം നടത്തുന്ന ഈ ഘട്ടത്തിൽ കേരളം അതീവ ജാഗ്രത പുലർത്തണമെന്ന് ഇന്ത്യൻ എഴുത്തുകാരി അരുന്ധതി റോയ്. കേരളത്തിൽ ഇപ്പോൾ നടന്ന തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിലെ ബിജെ പിയുടെ നേട്ടം ഏറെ ദുഃഖകരമാണെന്നും അരുന്ധതി റോയ് അഭിപ്രായപ്പെട്ടു.
മലയാറ്റൂർ ഫൗണ്ടേഷന്റെ പ്രഥമ സമഗ്ര സംഭാവനാ പുരസ്കാരം ഇന്നലെ ഏറ്റുവാങ്ങി പ്രസംഗിക്കുകയായിരുന്നു അരുന്ധതി. സ്റ്റേറ്റ് സെൻട്രൽ ലൈബ്രറി ഹാളിൽ നടന്ന ചടങ്ങിൽ മുൻ ചീഫ് സെക്രട്ടറിയും തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റുമായ കെ. ജയകുമാർ അരുന്ധതി റോയിക്ക് പുരസ്കാരം സമ്മാനിച്ചു. പ്രശസ്ത സാഹിത്യകാരൻ മലയാറ്റൂർ രാമകൃഷ്ണന്റെ സ്മരണാർഥം പ്രവർത്തിക്കുന്ന സംഘടനയാണ് മലയാറ്റൂർ ഫൗണ്ടേഷൻ.
ഉത്തരേന്ത്യയിൽ ജീവിക്കുന്ന ഒരാളെന്ന നിലയിൽ അവിടെ നടക്കുന്ന വർഗീയ കലഹങ്ങൾ ദിവസവും എന്റെ ഹൃദയം തകർക്കുകയാണ് - അരുന്ധതി റോയ് പറഞ്ഞു. വർഗീയത ആളിക്കത്തിക്കുക വളരെ എളുപ്പമാണ്. കേരളത്തിൽ ഈ അഗ്നി കൊളുത്താനുള്ള ശ്രമങ്ങൾ മലയാളികൾ ചെറുത്തുനിൽക്കണം.
സാംസ്കാരികമായും ബൗദ്ധികമായും വിദ്യാഭ്യാസപരമായും ഉയർന്ന നിലവാരത്തിൽ നിൽക്കുന്നവരാണ് മലയാളികൾ. വർഗീയ ഫാസിസ്റ്റ് ശക്തികൾക്ക് കീഴടങ്ങാത്ത ലോകത്തിലെ തന്നെ ചുരുക്കം ചില ഇടങ്ങളിൽ ഒന്നാണ് കേരളം. എന്നാൽ ഏത് നിമിഷവും വർഗീയ അധിനിവേശത്തിന്റെ കരങ്ങൾ കേരളത്തിലും ആഴ്ന്നിറങ്ങും. ഈ സത്യം കേരളം തിരിച്ചറിയേണ്ടതുണ്ട്- അരുന്ധതി റോയ് ചൂണ്ടിക്കാട്ടി.